മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു അറസ്റ്റില്‍

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നതിനിടെ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു മൗണ്ടബാറ്റണ്‍ വിൻഡ്‌സർ അറസ്റ്റില്‍.

 

താത്കാലിക വസതിയായ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ നിന്നാണ് ആൻഡ്രു അറസ്റ്റിലായത്. പൊതു ഓഫീസിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. അറുപതുകാരനായ ഒരാള്‍ അറസ്റ്റിലായെന്നാണ് തേംസ് വാലി പൊലീസ് പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നത്. ആൻഡ്രുവിന്റെ പേര് ഇതില്‍ പരാമർശിക്കുന്നില്ല.

 

 

 

കൃത്യമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. 2010ല്‍ ജെഫ്രി എപ്‌സ്റ്റീന് ആൻഡ്രു വ്യാപാര റിപ്പോർട്ടുകള്‍ അയച്ചുവെന്ന വാർത്തകള്‍ വിലയിരുത്തുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആൻഡ്രുവിന്റെ 66ാം പിറന്നാള്‍ ദിനത്തിലാണ് അറസ്റ്റ്.

 

 

 

എപ്സ്റ്റീൻ ഫയലില്‍ ആൻഡ്രു യുവതികളോടൊപ്പമുള്ള ചിത്രങ്ങളുണ്ട്. 2010ലും 2011ലും ഒരു വ്യാപാര ദൂതൻ എന്ന നിലയില്‍ തന്റെ ഔദ്യോഗിക പ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ആൻഡ്രു എപ്സ്റ്റീനുമായി പങ്കുവച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. സിംഗപ്പൂർ, ഹോങ്കോംഗ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദർശനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ ആൻഡ്രു കൈമാറിയതായി എപ്സ്റ്റീൻ ഫയല്‍സില്‍ പരാമർശമുണ്ട്. നിക്ഷേപങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ആൻഡ്രു എപ്സ്റ്റീന് നല്‍കിയിരുന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരൻ സഹോദരനായ ആൻഡ്രുവിന്റെ രാജകീയ പദവികള്‍ ഔദ്യോഗികമായി പിൻവലിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ആൻഡ്രു തള്ളിയിരുന്നു.