കേരളത്തില്‍ 13 സ്റ്റോപ്പുകള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂള്‍ പുറത്തിറങ്ങി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂള്‍ പുറത്തിറങ്ങി.

തിരുവനന്തപുരം നോർത്ത് – ചർലാപ്പള്ളി അമൃത്‌ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന സർവീസിൻ്റെ സമയക്രമമാണ് സൗത്ത് സെൻട്രല്‍ റെയില്‍വേ പുറത്തിറക്കിയത്. ആകെ 29 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തില്‍ 13 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

നാളെ ജനുവരി 23, വെള്ളിയാഴ്ച രാവിലെ 10:45നാണ് ട്രെയിൻ തിരുവനന്തപുരം നോർത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുക. തുടർന്ന് എറണാകുളം, പാലക്കാട്, കോയമ്ബത്തൂർ, ഗുണ്ടൂർ വഴി നാളെ ഉച്ചതിരിഞ്ഞ് 04:30ന് ചർലാപ്പള്ളിയില്‍ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം 17041/17042 ചർലാപ്പള്ളി – തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരതിൻ്റെ പതിവ് സർവീസിൻ്റെ ഷെഡ്യൂള്‍ പിന്നീട് പുറത്തുവിടുമെന്നും സൗത്ത് സെൻട്രല്‍ റെയില്‍വേ അറിയിച്ചു.

10:45ന് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11:23 വർക്കല ശിവഗിരി, 11:52 കൊല്ലം ജങ്ഷൻ, 12:20 കരുനാഗപ്പള്ളി, 12:40 കായംകുളം ജങ്ഷൻ, 12:52 മാവേലിക്കര, 01:05 ചെങ്ങന്നൂർ, 01:17 തിരുവല്ല, 01:30 ചങ്ങനാശേരി, 01:50 കോട്ടയം, 02:55 എറണാകുളം ടൗണ്‍, 03:20 ആലുവ, 04:25 തൃശൂർ, 06:00 പാലക്കാട് ജങ്ഷൻ എന്നിങ്ങനെയാണ് ട്രെയിൻ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.

എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, 11 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ഭിന്നശേഷി സൗഹൃ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് സ്പെഷ്യല്‍ ട്രെയിനിനുള്ളത്.

നാളെ തിരുവനന്തപുരത്തു എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. ഇതില്‍ ഉദ്ഘാടന സർവീസിൻ്റെ ഷെഡ്യൂള്‍ മാത്രമാണ് പുറത്തിറങ്ങിയത്. പതിവ് സർവീസുകളുടേത് വൈകാതെ തന്നെ റെയില്‍വേ പുറത്ത് വിട്ടേക്കും.