ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; ആവശ്യവുമായി എഫ്ഐപി

ബോയിങ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. എഫ്ഐപി തലവൻ ക്യാപ്റ്റൻ സിഎസ് രൺധാവ ആണ് ആവശ്യം ഉന്നയിച്ചത്. വിമാനങ്ങളുടെ ഇലക്ട്രിക്കൽ സിസ്റ്റം പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യം. ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ പ്രശ്നങ്ങൾ സംശയിക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ഈ ആവശ്യം അറിയിച്ചത്. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് മുന്നോട്ട് വന്നത്. എല്ലാ ബോയിംഗ് 787 വിമാനങ്ങളിലും വൈദ്യുത സംവിധാനത്തിലെ തകരാറുകൾക്കായി അടിയന്തര പരിശോധനകൾ നടത്തണമെന്നാണ് നിർദേശം. ഫ്യുവൽ കൺട്രോൾ സ്വിച്ചിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ഐപി പറഞ്ഞു. വിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ബേയിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും ഇത് വൈദ്യുത തകരാറുകൾക്ക് കാരണമാകുമെന്നും ക്യാപ്റ്റൻ സിഎസ് രൺധാവ ചൂണ്ടികാട്ടി.

കഴിഞ്ഞ വർഷം ജൂൺ 12ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തവും എഫ്ഐപി ഒർമപ്പെടുത്തി. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകർന്നുവീണത്തിൻ്റെ കാരണം ഫ്യുവൽ കൺട്രോൾ സ്വിച്ച് തകരാറാണെന്ന റിപ്പോർട്ട് അടക്കം പരാമർശിച്ചാണ് എഫ്ഐപി സുരക്ഷ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. അഹമ്മദാബാദ് വിമാനദുരന്തത്തിൽ 229 യാത്രക്കാരും 12 ജീവനക്കാരും19 പ്രദേശവാസികൾ ഉൾപ്പെടെ 260 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇന്നലെ ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു.