മദ്യക്കുപ്പികളിൽ ക്യു.ആര്‍.കോഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍; ലക്ഷ്യം വ്യാജ മദ്യത്തിന്റെ വിപണനം തടയുക

തിരുവനന്തപുരം: വ്യാജ മദ്യത്തിന്റെ വിപണനം തടയുന്നതിനായി മദ്യക്കുപ്പികളില്‍ ക്യു.ആര്‍. കോട് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച്‌ ബിവറേജസ് കോര്‍പ്പറേഷന്‍.

ക്യു. ആര്‍. കോഡ് പതിക്കുന്നതിലൂടെ മദ്യക്കുപ്പികളുടെ സുരക്ഷയും ഉറപ്പാനാകും. എന്നാല്‍ മദ്യക്കമ്പനികള്‍ക്ക് ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നതിനായി ചിലവ് വരുന്നത് ഒരു കോടി രൂപയാണ്. മദ്യക്കമ്പനികള്‍ക്ക് അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ധാരണയായിട്ടില്ല.

ക്യു.ആര്‍. കോഡിന്റെ ചിലവ് വഹിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാണെങ്കിലും യന്ത്രങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന മുതല്‍മുടക്കാണ് മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്.

എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഈ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാന്‍ മദ്യക്കമ്പനികളുമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.