ആലപ്പുഴ: ജില്ലയില്‍ ഏറെ ചര്‍ച്ചയായ കുറുവാ സംഘ മോഷണക്കേസില്‍ ഈ മാസം 13-ന് വിധി പറയും. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-IIയിലാണ് കേസിന്റെ വിധി പ്രസ്താവന. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമ വാദം പൂര്‍ത്തിയായതോടെയാണ് കോടതി കേസ് വിധിക്കായി മാറ്റിയത്.
വിചാരണയ്ക്കിടെ അന്വേഷണത്തിലെ വിവിധ വീഴ്ചകള്‍ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിലെ അപാകതകള്‍, ശാസ്ത്രീയ തെളിവുകളുടെ അഭാവം, ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡിലെ പോരായ്മകള്‍, അന്തര്‍സംസ്ഥാന അറസ്റ്റും അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്തശേഷം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിന്റെ ഡിജിറ്റല്‍ ദൃശ്യങ്ങളും പ്രതിഭാഗം തെളിവായി ഹാജരാക്കി. വിചാരണ തുടരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങള്‍ നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചു. ഇതിന് ശേഷമാണ് കോടതി കേസ് ജൂലൈ 13-ന് വിധി പ്രസ്താവിക്കാനായി മാറ്റിയത്.
