അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാൻ അവസരം; ഒരാൾ നൽകേണ്ടത് 3500 ദിനാര്‍, ആകാംക്ഷയിൽ ആരാധകർ

കോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അജിത്. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റേസിങ്ങിൽ ആണ്. ഇപ്പോഴിതാ അജിത്തിനൊപ്പം യാത്ര ചെയ്യാൻ അവസരമാണ് ആരാധകർക്കായി ഒരുക്കുന്നത്. റേസിങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി അജിത്തിനൊപ്പം ഫെരാരിയില്‍ ദുബായ് ഓട്ടോഡ്രോമില്‍ ഒരു റൗണ്ട് റൈഡ് ചെയ്യാം. കഴിഞ്ഞദിവസം ഇതിന്റെ പരസ്യം അജിത് കുമാര്‍ റേസിങ് തന്നെയാണ് പുറത്തുവിട്ടത്. ജനുവരി 25നാണ് ഈ ഓഫര്‍. 3500 ദിനാര്‍ നല്‍കിയാല്‍ അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാമെന്നാണ് പരസ്യത്തില്‍. ഇന്ത്യൻ രൂപയിൽ ഒരാൾക്ക് 86,000 രൂപയാണ്. നടന്റെ ആരാധകർക്കും റേസിങ്ങിനോട് കമ്പം ഉള്ളവർക്കും ആകാംക്ഷ നിറഞ്ഞ വാർത്തയാണിത്.

എന്നാൽ ഈ പരസ്യത്തിന് നേരെ ട്രോളുകൾ എത്തുന്നുണ്ട്. ‘ഒരു നല്ല റേസിങ് ടീമിന് ഇങ്ങനെയുള്ള പ്രൊമോഷന്‍ ആവശ്യമില്ല. നല്ലതാണെങ്കില്‍ വിജയിക്കും’ എന്നാണ് വിമർശനങ്ങൾ. നേരത്തെ അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് ‘നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ’ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ട്രോളാക്കി മാറ്റിയത്. പരസ്യവും പ്രൊമോഷനുമൊന്നും ചെയ്യാന്‍ താത്പര്യമില്ലാത്ത ആളാണ് അജിത്ത് എന്ന ധാരണ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു, ഇക്കാരണം കൊണ്ടാണ് ട്രോളുകൾ കൂടുന്നത്.