എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാര്‍ക്കാടിന്റെ മരണം: ആരോപണ വിധേയനായ സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധവുമായി കുടുംബം

എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാര്‍ക്കാടിന്റെ മരണം: പ്രതിഷേധവുമായി കുടുംബം, ആരോപണ വിധേയനായ സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണ നടത്തി
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാര്‍ക്കാടിന്റെ മരണത്തില്‍ ആരോപണ വിധേയനായ സിപിഐ നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം.
ആരോപണ വിധേയനായ സിപിഐ നേതാവ് സുരേഷ് കൈതച്ചിറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹിനയുടെ കുടുംബം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് മുമ്പില്‍ ധര്‍ണ്ണ നടത്തിയത്.
ഷാഹിനയുടെ ഭര്‍ത്താവ് സാദിഖ്, മക്കള്‍, സഹോദരിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ കഴിഞ്ഞ മാസമാണ് പാലക്കാട് മണ്ണാര്‍ക്കാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ എഐവൈഎഫ് നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ് അന്നു തന്നെ രംഗത്തെത്തിയിരുന്നു. സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞിരുന്നു.
വിഷയത്തില്‍ ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നതായും സാദിഖ് വ്യക്തമാക്കി.
മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന സാദിഖ് നാട്ടിലെത്തി മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാഹിനയുടെ മരണത്തില്‍ പ്രദേശത്തെ ഒരു നേതാവിന് പങ്കുണ്ടെന്ന് ഇദ്ദേഹം പിന്നീട് മാധ്യമങ്ങള്‍ക്കുനല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
ഇദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഉണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ പലപ്പോഴും കുടുംബപ്രശ്നമുണ്ടായിട്ടുള്ളതായും സാദിഖ് പറഞ്ഞു.
നിലവിലുള്ള പോലീസ് അന്വേഷണം സമ്പൂര്‍ണമല്ലെന്നും അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സാദിഖ് ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്.
ഇതിന്റെ ഫലമായാണ് അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നതെന്നും സാദിഖ് ആരോപിച്ചു.
ഷാഹിനയുടെ ഫോണ്‍ രേഖകളടക്കം പോലീസിന് നല്‍കിയിട്ടുണ്ട്. താന്‍ മാനസികരോഗിയാണെന്ന തരത്തിലുള്ള പ്രചരണം നടത്തിയ ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാദിഖ് പറഞ്ഞു.
ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയിരുന്നു.
അതിനിടെ, പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരുന്നെന്ന് ഷാഹിനയുടെ ഭര്‍ത്താവ് പറയുന്നത് പച്ചക്കള്ളമാണെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
എന്നാല്‍, പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, വിഭാഗീയത രൂക്ഷമായ മണ്ണാര്‍ക്കാട് സിപിഐയില്‍ ജില്ല സെക്രട്ടറിക്കെതിരെ മറ്റൊരു ആയുധമാക്കാനുള്ള നീക്കത്തിലാണ് വിമത വിഭാഗം.
ഇതിന്റെ ഭാഗമായാണ് ഷാഹിനയുടെ ഭര്‍ത്താവിന്റെ പരാതിയെന്നാണ് ഔദ്യോഗിക പക്ഷം കരുതുന്നത്.