ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെയും ഇന്ധന വില വർധനവിനെയും തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ.വ്യോമാതിർത്തി നിയന്ത്രണങ്ങളും വർധിച്ച് വരുന്ന വിമാന ഇന്ധന വിലയും കണക്കിലെടുത്ത് അടുത്ത രണ്ട് മാസത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിച്ചുരുക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. എന്നിരുന്നാലും പ്രതിമാസം 1200ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകളിൽ ചില നിയന്ത്രണങ്ങളാണ് എയർ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. സർവീസുകളിൽ വന്ന മാറ്റവും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 വിമാനങ്ങളും, യൂറോപ്പിലേക്ക് ആഴ്ചയിൽ 47 വിമാനങ്ങളും, യുകെയിലേക്ക് ആഴ്ചയിൽ 57 വിമാനങ്ങളും, ഓസ്ട്രേലിയയിലേക്ക് ആഴ്ചയിൽ എട്ട് വിമാനങ്ങളും, ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളും, മൗറീഷ്യസിലേക്ക് (ആഫ്രിക്ക) ആഴ്ചയിൽ ഏഴ് വിമാനങ്ങളുമാണ് സർവീസ് നടത്തുക.
