അടൂരില്‍ മരണപ്പാച്ചിലിനിടെ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പത്തനംതിട്ട: അടൂർ ഇളമണ്ണൂരില്‍ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്.

മദ്യലഹരിയില്‍ വാഹനമോടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരുടെ സഹായത്തോടെ പുനലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

 

ഞായറാഴ്ച വൈകിട്ട് ഇളമണ്ണൂർ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാൻ നടന്നു പോവുകയായിരുന്ന ഭക്തർക്ക് നേരെയാണ് മരണപ്പാച്ചിലുമായി കാർ എത്തിയത്. ഇളമണ്ണൂർ കുന്നുവിള കിഴക്കേതില്‍ ഉഷ എന്ന അമ്ബത്തിനാലുകാരിയുടെ ജീവൻ കവർന്നത് മദ്യപസംഘത്തിന്റെ അമിത വേഗതയായിരുന്നു. ഉഷയ്ക്കൊപ്പമുണ്ടായിരുന്ന ശാന്തയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന കൊച്ചുബാലൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 

അപകടം നടന്ന ഉടനെ വാഹനം നിർത്താതെ പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചുപോയി. നാട്ടുകാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുനലൂരില്‍ വെച്ചാണ് മൂന്ന് പ്രതികളെയും പൊലീസ് വലയിലാക്കിയത്. കാർ ഓടിച്ചിരുന്ന മധുര സ്വദേശി സൂര്യ, ഒപ്പമുണ്ടായിരുന്ന ശക്തി, സതീഷ് എന്നിവർ വൈദ്യപരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

 

മദ്യലഹരിയില്‍ മരണത്തിനിടയാക്കിയതിനും വാഹനം നിർത്താതെ പോയതിനും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് അടൂർ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.