മലയാളത്തിന്റെ മാതൃഭാവം കവിയൂർ പൊന്നമ്മക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ ശ്രീപീഠം വീട്ടുവളപ്പില്‍ സംസ്കാരം; സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു

കൊച്ചി: മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മക്ക് നാട് വിടചൊല്ലി. ആലുവ കരുമാലൂരിലെ ശ്രീപീഠം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

കളമശ്ശേരി ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾക്കായി ഭൗതിക ശരീരം ആലുവയിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് കളമശ്ശേരിയിലും ആലുവയിലുമായി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്. 80-ാം വയസിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.