കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍, ജഗതി ശ്രീകുമാർ 75ന്റെ നിറവില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.

 

75ന്റെ നിറവില്‍ ആഘോഷങ്ങളുടെ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ അയാള്‍ വീട്ടിലുണ്ട്. ഡോക്ടർ നിർദേശിച്ചിട്ടുള്ള പതിവ് ഭക്ഷണം മാത്രമാകും ഇന്നും കഴിക്കുക. എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. മലയാളികള്‍ക്ക് ഈ ദിനം പ്രിയപ്പെട്ടതാകുന്നത് ബിഗ് സ്ക്രീനില്‍ അയാളുടെ അഭാവം വരുത്തിവെച്ച വേദനകൊണ്ടുകൂടിയാകും. മലയാള സിനിമയെന്നപോലെ പ്രേക്ഷകരും ജഗതിയെന്ന നടനെ മിസ് ചെയ്യുന്നുണ്ടാകണം.

 

ചെയ്തുവെച്ച കഥാപാത്രങ്ങള്‍കൊണ്ട് ജെൻസികളെ പോലും കൈയിലെടുക്കാൻ ജഗതി ശ്രീകുമാറിന് ആയിട്ടുണ്ട്. എന്നാലും നൈന്റീസ് മുതല്‍ പിന്നോട്ടുള്ളവ‌ർക്കാകും കൃത്യമായി ആ നടന വൈഭവത്തിന്റെ റേഞ്ച് അറിയുക. ഹാസ്യം മാത്രമല്ല, എല്ലാ ഭാവങ്ങളും തനിക്ക് വഴങ്ങുമെന്ന് ജഗതി എന്നോ തെളിയിച്ചതാണ്. ഇന്ന് ജഗദീഷടക്കം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടുകള്‍ സീരിയസ് വേഷങ്ങളിലും അതിശയപ്പെടുത്തുമ്ബോള്‍ ജഗതിയും ഉണ്ടെങ്കിലെന്ന് വെറുതെയെങ്കിലും കൊതിച്ചവരുണ്ടാകും.

 

കഴിഞ്ഞ 14 വർഷമായി വീല്‍ ചെയറിലാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം. 2012 മാർച്ച്‌ പത്തിന് കോഴിക്കോടിനു സമീപംവെച്ചുണ്ടായ വാഹനാപകടമാണ് ആ പ്രതിഭയുടെ ജീവിതം കീഴ്മേല്‍ മറിച്ചത്. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ അവിചാരിതമായി സംഭവിച്ച ഒരു അപകടം ജഗതിയുടെ അഭിനയ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിട്ടു, അന്നോളം പല മീറ്ററുകളില്‍ കേട്ട ആ ശബ്ദം നിശ്ശബ്ദമായി.

 

 

 

എന്നാലിന്നും ജഗതി എന്ന പേര് കേട്ടാല്‍ അഭ്രപാളിയില്‍ അയാള്‍ അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും മലയാളികളുടെ മനസിലേക്ക് ഒരു തിരശീലയിലെന്നപോലെ മിന്നിമറയും. അപകടത്തിന് മുൻപുള്ള ആ നാലുപതിറ്റാണ്ട് മതിയായിരുന്നു അയാള്‍ക്ക് മലയാള സിനിമ ഉള്ളകാലത്തോളം നിലനില്‍ക്കാൻ. ഇതിനിടെ മമ്മൂട്ടി ചിത്രമായ സിബിഐ-5ല്‍ ജഗതി മുഖം കാണിച്ചിരുന്നു. വരാനിരിക്കുന്ന വേറെയും സിനിമകളില്‍ ജഗതിയുടെ സാന്നിധ്യമുണ്ട്.