കൊച്ചി: ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം.
2007ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2024 സെപ്റ്റംബറിൽ പരാതി നൽകിയതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് മുൻകൂർ ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് ഹർജിക്കാരനെ അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട് ജാമ്യക്കാരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് നിർദേശം.
വീണ്ടും ഹർജി പരിഗണിക്കുന്ന നവംബർ 21 വരെയാണ് ഉത്തരവിന് പ്രാബല്യം. 2007ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, തന്നെ ഫോണിൽ വിളിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും പലർക്കുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പരാതി നൽകിയവരാണ് പരാതിക്കാരിയെന്നും ബാലചന്ദ്രമേനോൻ കോടതിയിൽ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് എതിർ സത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് അറിയിച്ച സർക്കാർ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തു. എന്നാൽ, വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
