ജയിലില്‍ കിടക്കാന്‍ താത്പര്യമില്ല; പൊലീസ് സ്റ്റേഷനില്‍ കഴുത്ത് മുറിച്ച്‌ പ്രതിയുടെ ആത്മഹത്യാ ശ്രമം; ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്ത് മുറിച്ചത് സ്ത്രീ പീഡനക്കേസിലെ പ്രതി

കൊല്ലം: കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ വാറണ്ട് പ്രതി.

കുമ്മിള്‍ സ്വദേശിയായ റിജു ആണ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്ത് മുറിച്ചത്. സ്ത്രീ പീഡനക്കേസില്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടര്‍ന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തില്‍ 12 തുന്നലിട്ടു. 2012ല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതിയാണ് റിജു. കേസിന്റെ വിചാരണാ നടപടികള്‍ക്കായി പ്രതി കോടതിയില്‍ ഹാജരായില്ല. ഇതോടെ പ്രതിയെ പിടികൂടാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

തുടര്‍ന്നാണ് കടയ്ക്കല്‍ പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ റിജു കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലിസുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ബ്ലേഡ് ആഴത്തില്‍ ഇറങ്ങാത്തതിനാല്‍ മാത്രം ജീവന്‍ രക്ഷിക്കാനായി.

ജയിലില്‍ കിടക്കാന്‍ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിജുവിന്റെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.