ഇടുക്കി: ദീപാവലി ആഘോഷ ലഹരിയില്‍ റോഡില്‍ അമിത വേഗതയില്‍ പാഞ്ഞ മൂന്ന് യുവാക്കള്‍ക്ക് ജീവൻ നഷ്ടമായി.
റോഡില്‍ കുതിച്ചെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
അപകടത്തില്‍ തലയ്ക്ക് വളരെ ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ (24), സഞ്ജയ് (22), കേശവൻ (24) എന്നിവർ സംഭവം സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. എല്ലാം മതിമറന്ന് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവാക്കളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ദീപാവലി ദിനത്തില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കുകള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ ഗൂഡല്ലൂർ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
