കോട്ടയം: പൊള്ളുന്ന ചൂടിനെ ചെറുക്കാൻ വീടുകളില്‍ എയർകണ്ടീഷണറുകള്‍ സ്ഥാപിക്കുന്നവർ നിരവധിയാണിന്ന്. എന്നാല്‍ എ.സി ഉപയോഗിക്കുമ്ബോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ലാഭിക്കുകയും ആരോഗ്യം കാക്കുകയും ചെയ്യാം.
അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഏറ്റവും കുറവ് താപനില നന്നല്ല
അമിതമായി അനുഭവപ്പെടുന്ന ചൂടില്‍ നിന്ന് രക്ഷനേടാനായി പലരും ചെയ്യുന്ന കാര്യമാണ് എസിയുടെ താപനില ഏറ്റവും കുറച്ച് 16- 18 ഡിഗ്രിയില്‍ വെക്കുന്നത്. ആദ്യം തണുപ്പനുഭവപ്പെടുമെങ്കിലും ഉറക്കത്തിനിടെ ശരീരത്തിന് ഈ തണുപ്പ് താങ്ങാനായെന്നു വരില്ല. എസിയുടെ പ്രവർത്തനത്തിനും ഇത് നന്നല്ല. എസിയുടെ താപനില 24-26 ഡിഗ്രിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ടൈമർ മോഡ്
പുതിയതായി വിപണിയിലെത്തുന്ന പല എസികളിലും ടൈമർ/ അല്ലെങ്കില്‍ സ്ലീപ്പർ മോഡ് ഓപ്ഷൻ ഉണ്ട്. എന്നാല്‍ പലരും ഇത് കൃത്യമായി വിനിയോഗിക്കാറില്ല. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാൻ സഹായിക്കുന്നതാണ് സ്ലീപ്പർ മോഡ്. വൈദ്യുതി ലാഭിക്കാനും താപനില നിലനിർത്താനും ഇതിലൂടെ സാധിക്കും.
തുടർച്ചയായി എട്ട് മണിക്കൂറോളം എ.സി പ്രവർത്തിക്കുന്നത് വൈദ്യുതി ബില്‍ കൂടാനും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറക്കുന്നതിനും കാരണമാകും.
കട്ടിലിന്റെ സ്ഥാനത്തിലും കാര്യമുണ്ട്
തണുപ്പ് ശരീരത്തിലേക്ക് നേരിട്ടടിക്കുന്ന സ്ഥലത്തല്ല എ.സി ഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം. ശരീരത്തില്‍ നിർജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
എസി യൂണിറ്റില്‍ നിന്ന് ബെഡിന് 3-4 അടി വരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
എസിയുടെ ഫില്‍ട്ടർ വൃത്തിയാക്കാറുണ്ടോ?
പൊടിയടിഞ്ഞുകൂടിയ എ.സിയുടെ ഫില്‍ട്ടറുകള്‍ അലർജിയുണ്ടാക്കും. നിത്യേന എ.സി ഉപയോഗിക്കുന്നവരാണെങ്കില്‍ 2-3 ആഴ്ച കൂടുമ്പോഴെങ്കിലും ഫില്‍ട്ടർ തുറന്ന് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
വെന്റിലേഷൻ ഉള്‍പ്പടെയുള്ള വായുസഞ്ചാരം നല്‍കുന്ന ദ്വാരങ്ങള്‍ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഇരുട്ട് ക്രമീകരിക്കാൻ കർട്ടനുകളും ഉപയോഗിക്കാം. സീലിങ് ഫാനുകള്‍ കുറഞ്ഞ സ്പീഡില്‍ പ്രവർത്തിപ്പിക്കുന്നത് എ.സിയുടെ തണുപ്പ് കൃത്യമായി റൂമിന്റെ എല്ലായിടത്തും എത്തുന്നതിന് സഹായിക്കും.
