കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം നൽകാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവെക്കണമെന്നുമാണ് ആവശ്യം.
എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയിൽ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. ഈ മാസം 24ന് എറണാകുളം സെഷൻസ് വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
