സ്വന്തം ലേഖിക
തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു.
അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത്. സാധാരണക്കാരില്‍ സാധാരണക്കാരനായ രാഷ്ട്രീയ നേതാവായിരുന്നു ആനത്തലവട്ടം.
ചാനല്‍ ചര്‍ച്ചകളിലൂടെ ചിരപരിചിതനായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആറ്റിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ സംസാര ശൈലി അടക്കം പ്രത്യേകതയായിരുന്നു. മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ആനത്തലവട്ടം.
1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
