പാർലമെന്റ് മന്ദിരത്തിന് മുന്നിൽ സുരേഷ് ​ഗോപിയ്ക്ക് അഭിനന്ദനപ്രവാഹം, ചുറ്റും കൂടിയവരുടെ കൂട്ടത്തിൽ ഇന്ത്യൻ നടനും

ഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിലെത്തിയ തൃശൂരിന്റെ നിയുക്ത എംപി സുരേഷ് ​ഗോപിയെ യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരും എംപിമാരും വളഞ്ഞു. ചുറ്റും കൂ‌ടിയവർ എല്ലാം തന്നെ അവരുടെ ആശംസയും സന്തോഷവും അറിയിച്ചു.

ഇതിനിടയിൽ ഒരു സിനിമാ താരവും സുരേഷ് ​ഗോപിയെ കാണാനെത്തി. ഭോജ്‌പുരി നടനും ഗോരഖ്പൂരിൽ നിന്ന് വിജയിച്ച ബിജെപി എംപിയുമായ രവി കിഷൻ ആണ് സുരേഷ് ​ഗോപിയെ കാണാൻ എത്തിയത്. സർ ഐം രവി കിഷൻ ഫ്രം ഗോരഖ്‌പൂർ എന്ന് പറഞ്ഞാണ് അദ്ദേഹം സുരേഷിനടുത്തേക്ക് എത്തിയത്.

താനൊരു നടനും കൂടിയാണെന്ന് പറഞ്ഞപ്പോൾ, അറിയാമെന്ന് സുരേഷും പ്രതികരിച്ചു. സുരേഷ് ഗോപി നേടിയ വമ്പൻ വിജയത്തെ രവി കിഷൻ അഭിനന്ദിക്കുകയും ചെയ്തു. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സുരേഷ് ഗോപിയും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ക്യാബിനറ്റ് റാങ്ക് കിട്ടുമെന്നാണ് സൂചന.

ഞായറാഴ്ച വൈകിട്ട് 7.15നാണ് ചടങ്ങ്. മോദിക്കൊപ്പം അമ്പതോളം പേരുടെ സത്യപ്രതിജ്ഞയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്തതിനുള്ള അംഗീകാരമായാണ് സുരേഷ് ഗോപിക്ക് തുടക്കത്തിലേ മന്ത്രിപദം നൽകുന്നത്. സിനിമകൾക്ക് ഡേറ്റ് കൊടുത്തിരിക്കുന്നതിനാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല.