ശബരിമലയില്‍ തിരക്ക് കുറയ്ക്കാൻ ഇടപെടല്‍; നിര്‍ണായക തീരുമാനം; മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓണ്‍ലൈൻ വഴി മാത്രം

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.

ഓണ്‍ലൈൻ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തില്‍ നിർത്താനാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതില്‍ സർക്കാർ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം.

ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.