തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പൊട്ടക്കിണറ്റില്‍ വീണ യുവാക്കളെ രക്ഷിച്ചു.
ആറ്റിങ്ങല്‍ കാട്ടുമ്പുറം കാട്ടുവിള വീട്ടില്‍ നിഖില്‍ (19), നിതിൻ (18), പുത്തൻവിള വീട്ടില്‍ രാഹുല്‍ രാജ് (18) എന്നിവരാണ് പൊട്ടക്കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കൂട്ടത്തില്‍ ഒരാള്‍ കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാൻ ശ്രമിക്കവെ ബാക്കിയുള്ളവരും വീഴുകയായിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നാലെ ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് എത്തിയാണ് മൂവരെയും കരയ്ക്ക് എത്തിച്ചത്.
ഇവരെ ആറ്റിങ്ങല്‍ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ നിതിൻ, രാഹുല്‍ രാജ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
