മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; അന്ത്യശാസനവുമായി ഹൈക്കോടതി; റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

കൊച്ചി: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് റിപ്പോർട്ട് നല്‍കാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി.

വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നല്‍കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം. മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓണ്‍ലൈനായി ഹാജരായ റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി കോടതിയില്‍ വിശദീകരിച്ചു.

ചിന്നക്കനാലിലും, ബൈസണ്‍വാലിയിലും ശാന്തൻപാറയിലും ഡിജിറ്റല്‍ സർവേ നടത്തി. ബാക്കിയുള്ള സ്ഥലങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ സർവേ നടത്തുമെന്നും നടപടികള്‍ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്നും റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

എന്നാല്‍, ഗ്രൗണ്ട് ലെവലില്‍ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് കോടതി രൂക്ഷ വിമര്‍ശനം നടത്തി. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശം നല്‍കിയത്.