പഞ്ചവാദ്യത്തിന് ശബ്ദം പോര,ശബ്ദം കുറഞ്ഞുപോയെന്നാരോപണം; ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ലുകെട്ടി ക്രൂരമായി മർദ്ദിച്ച്‌ യുവാവ് 

 

കൊല്ലം : ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച്‌ യുവാവ്. ചവറ തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലാണ് മർദ്ദനത്തിനിരയായത്.ക്ഷേത്രത്തിലെ ശീവേലി ചടങ്ങിനെത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് വേണുഗോപാല്‍. ‘തന്നെയും പഞ്ചവാദ്യവും പിടിച്ചുവച്ചതിന് ശേഷമായിരുന്നു ആക്രമണം. ഉച്ചത്തില്‍ കൊട്ടണം, താൻ കൊട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞാണ് പ്രതി ആക്രമണം നടത്തിയത്.

മദ്യലഹരിയിലായിരുന്ന പ്രതി തോർത്തില്‍ കല്ലുകെട്ടിയാണ് വേണുഗോപാലിനെ മർദ്ദിച്ചത്. സംഭവം നടക്കുന്നത് കണ്ട ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരാണ് വേണുഗോപാലിനെ രക്ഷിച്ചത്. ഇതിനകം തന്നെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ദേവസ്വം ബോർഡിന്റെ പരാതിയില്‍ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിക്കായുളള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.