ജ്വല്ലറിയില്‍ മോഷണം: വനിതാ ജീവനക്കാര്‍ അടക്കം മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: കന്യാകുമാരി മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.

ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.

50ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന സംശയത്തെ തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് വ്യക്തമായത്.

തുടര്‍ന്ന് മനേജര്‍ സ്ഥാപന ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിര്‍മ്മിച്ചതായും കണ്ടെത്തി. തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.