കൊച്ചി- ലക്ഷദ്വീപ് സീപ്ലെയിൻ സര്‍വീസ് തിങ്കളാഴ്ച മുതല്‍

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സ‌ർവീസ് തിങ്കളാഴ്ച ആരംഭിക്കും.

നാളെ കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയില്‍വച്ച്‌ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കും തിരിച്ചും എളുപ്പത്തില്‍ യാത്ര ചെയ്യാൻ കഴിയുന്ന ഈ വിമാനത്തില്‍ പൈലറ്റും ക്യാബിൻ ക്രൂവും ഉള്‍പ്പെടെ ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാനാകും.

കവരത്തി, കല്‍പ്പേനി, അഗത്തി, കടമത്ത്, കില്‍ത്താൻ തുടങ്ങീ പ്രധാന ദ്വീപുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ സർവീസ് നടക്കുക. പിന്നീടിത് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണ പറക്കല്‍ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.