അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ തയ്യാറാകാതെ വിതരണക്കാര്‍; അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയെന്ന് സിപിഎം…!

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാല്‍, മുട്ട വിതരണം പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന് സിപിഎം.

വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പാല്‍ നല്‍കാൻ വിതരണക്കാർ തയ്യാറാകാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. ഇപ്പോഴുള്ള അശാസ്ത്രീയമായ നിരക്കുകള്‍ കാരണം അങ്കണവാടികളില്‍ പട്ടിണിപ്പൂട്ട് വീഴുന്ന സ്ഥിതിയാണുള്ളതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മില്‍മയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തില്‍ ഈ തുകയ്ക്ക് അങ്കണവാടികളില്‍ പാല്‍ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്.

ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളില്‍ ഈ നിരക്കില്‍ പാല്‍ നല്‍കിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉള്‍പ്രദേശങ്ങളിലും പാല്‍ എത്തിക്കണമെങ്കില്‍ ലിറ്ററിന് 65 മുതല്‍ 70 രൂപ വരെ ചെലവ് വരും.

ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാല്‍ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സ്ഥിതിയാണുള്ളത്.