ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി നഷ്ടപരിഹാരം നല്‍കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച്‌ കോക്രോച്ച്‌ ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ.

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അഭിജീത്ത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിക്കുന്നുണ്ട്.

‘ഭാരമേറിയ ഹൃദയവുമായാണ് ഈ കത്തെഴുതുന്നത്, നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്ക് തന്നെ ഭീഷണിയാവുന്ന ഉയര്‍ന്നുവരുന്ന വലിയ പ്രതിസന്ധിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്, അത് നമ്മുടെ യുവാക്കളായ വിദ്യാര്‍ഥികളുടെ ജീവിതവും മാനസിക ക്ഷേമവുമാണ്’, കത്തില്‍ ദീപ്‌കേ പറയുന്നു. എല്ലാ സമ്പാദ്യങ്ങളും ചെലവഴിച്ച്‌, വിദ്യാഭ്യാസം നല്‍കി വളര്‍ത്തിക്കൊണ്ടു വന്ന കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ മുഴുവനായി തകര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് ഒരു കോടി രൂപയുടെ പാക്കേജ് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്.