ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ; നിയമവിരുദ്ധവും സംശയാസ്പദവുമായ ചാനലുകൾക്കെതിരെ നടപടികൾ സ്വീകരിച്ചില്ല

ന്യൂഡൽഹി : നിയമവിരുദ്ധവും സംശയാസ്പദവുമായ ചാനലുകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ടെലഗ്രാം യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത് സംബന്ധിച്ച് വാദം ഡൽഹി ഹൈക്കോടതിയിൽ ഉയർത്തിയത്. നീറ്റ് യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ടെലഗ്രാമിന്റെ സേവനങ്ങൾ ജൂൺ 22 വരെ ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. നേരത്തെ ഈ ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ടെലഗ്രാമിലെ ഭൂരിഭാഗം ചാനലുകളും ബോട്ടുകൾ വഴിയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത വാദിച്ചു. ടെലഗ്രാമിൽ ഒരു അക്കൗണ്ടിന് 40 വരെ ബോട്ടുകൾ സൃഷ്ടിക്കാം. എന്നാൽ വാട്ട്‌സ്ആപ്പിൽ ഒരു ഉപയോക്താവിന് ഒരു ബോട്ട് മാത്രമേ സൃഷ്ടിക്കാനാകൂ എന്നായിരുന്നു തുഷാർ മേത്തയുടെ വാദം.

ടെലഗ്രാം ക്ലൗഡ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടെലഗ്രാമിനെതിരെ നിരവധി രാജ്യങ്ങൾ നടപടിയെടുത്തിട്ടുണ്ടെന്ന വിവരവും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാണിച്ചു.