പ്രിയദർശിനി പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും; ഇന്ന് മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പിലാക്കും. ഇതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇന്ന് മുതൽ സൗജന്യമായി യാത്ര ചെയ്യാം. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസ് ഒരുങ്ങുന്നത്. ഉദ്ഘാടന ദിനം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരിക്കും. ഡ്രൈവര്‍ക്ക് പുറമേ കണ്ടക്ടറും വനിതയായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

ഓർഡിനറി ബസുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. പദ്ധതി കൂടുതൽ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും മറ്റ് സാധാരണക്കാർക്കുമായിരിക്കും. 600 രൂപ മുതൽ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകർഷണം. മൂല്യം പൂജ്യമെങ്കിലും ബസുകളിൽ കയറുമ്പോൾ ടിക്കറ്റ് നിർബന്ധമാണെന്ന് യാത്രക്കാർ മറന്നുപോകരുത്.

ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്‌സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല.