പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള കോൺക്രീറ്റ് സ്ലാബ് തകർന്നു; പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണ് നാല് പേർക്ക് പരിക്ക്, സംഭവം യുപിയിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണു. ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ ആണ് ഓടയിൽ വീണത്. മാക് റോബർട്ട്ഗഞ്ചിലെ എച്ച്എൻ മിശ്ര പിജി കോളേജിലാണ് സംഭവം. വിദ്യാർത്ഥികളെ അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണ്. പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ ഒരു ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിൽ കയറി നിന്നിരുന്നു. ഇതിനു സമീപമായിരുന്നു ഓടയുണ്ടായിരുന്നത്. കൂടുതൽ ആളുകൾ എത്തിയതോടെ ഭാരം താങ്ങാനാവാതെ ഓട തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതോടെ ഉദ്യോഗാർത്ഥികൾ‌ മാലിന്യം നിറഞ്ഞ ഓടയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ വസ്ത്രത്തിൽ ചെളിയാവുകയും അഡ്മിറ്റ് കാർഡ് അടക്കമുള്ള രേഖകൾ നനയുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നാലെ ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് അവരുടെ ആരോപണം. ഓട പഴയതാണെന്നും ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിക്കേറ്റവരെ പരീക്ഷ എഴുതാൻ സഹായിച്ചുവെന്നും അവർക്ക് വേണ്ട എല്ലാ ചികിത്സകളും നൽകിയെന്നും പൊലീസ് അറിയിച്ചു.