സിപിഐഎം കേന്ദ്ര കമ്മറ്റിയില്‍ നേതൃത്വത്തിന് കടുത്ത വിമർശനം. സ്ഥാനാർത്ഥി നിർണയത്തില്‍ വൻ പാളിച്ച പറ്റി. ചില നേതാക്കള്‍ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചു.
സ്ഥാനാർത്ഥികളെ ആസൂത്രിതമായി കെട്ടിവയ്ക്കുന്ന സാഹചര്യമുണ്ടായി. വിമത നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമം ഉണ്ടായില്ലെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.
നേതാക്കള്‍ ഉചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ വിമതർ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്ന് വിമർശനം ഉയർന്നു. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തല്‍ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയില്‍ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയില്‍ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതില്‍ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്ത് താഴേതട്ടു മുതല്‍ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.
പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയില്‍ തുടരാൻ പാർട്ടി കോണ്‍ഗ്രസ് ഇളവു നല്‍കിയത് മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങള്‍ പിബിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നല്‍കിയതെന്നും സിസി യോഗത്തില്‍ ജനറല്‍ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ചില അംഗങ്ങള്‍ യോഗത്തെ അറിയിച്ചേക്കും.
