സൗജന്യ യാത്ര കെഎസ്‌ആര്‍ടിസിക്ക് അധിക ബാദ്ധ്യതയാകും; ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: സ്‌ത്രീകളുടെ സൗജന്യ യാത്ര കെഎസ്‌ആർടിസിക്ക് അധിക ബാദ്ധ്യത വരുത്തുമെന്ന് മുൻ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്‌ണൻ.

വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 

‘സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. പക്ഷേ, വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്നും ശമ്പളം കൃത്യമായി നല്‍കുന്നതിലും ഉറപ്പുവരുത്തണം. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത 21,000 രൂപ നല്‍കണം. 3,000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്.

 

സിപിഎമ്മില്‍ ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. മാത്രമല്ല, എഴുപതുകളില്‍ 17 സീറ്റിലേക്ക് തകർന്നുപോയ സിപിഎം ശക്തമായി തിരിച്ചുവന്നതാണ്. തോല്‍വി സംബന്ധിച്ച കാര്യങ്ങളില്‍ പരിശോധന പൂർത്തിയായ ശേഷം നിലപാടറിയിക്കും. ജില്ലാ കമ്മിറ്റികളിലെ ചർച്ചകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ മാദ്ധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണ്. പിശക് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും’ – ടി പി രാമകൃഷ്‌ണൻ പറഞ്ഞു.