കെഎസ്‌ആര്‍ടിസി ബസില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും തുടര്‍ ചികിത്സ സൗജന്യം; ഏറ്റെടുത്ത് അമല ആശുപത്രി

തൃശൂർ: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവിച്ച യുവതിയുടെയും കുഞ്ഞിൻ്റെയും തുടർ ചികിത്സ ഏറ്റെടുത്ത് അമല ആശുപത്രി.

തൊട്ടിപ്പാലത്തേയ്ക്കു പോയ കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ഇന്നലെ ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടത്. ജീവനക്കാർ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു.
ആശുപത്രിയിലെത്തുന്നതിനു മുൻപ് യുവതി ബസില്‍ പ്രസവിച്ചു. അതിനിടെ, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ സമ്മാനം യുവതിയ്ക്ക് കൈമാറി.

യാത്രക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിച്ച്‌ വിവരം അറിയിച്ചത്.

ബസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു ഫോണ്‍ കോള്‍. ബസ് വന്ന് നിന്നതും ഡോക്ടര്‍മാരും നഴ്സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കി പുറത്ത് നിര്‍ത്തി.

ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ ബസില്‍ വെച്ചുള്ള പരിശോധിച്ചപ്പോള്‍ പ്രസവം തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരെയിറക്കി പെട്ടന്ന് തന്നെ കെഎസ്‌ആര്‍ടി ബസ് പ്രവസ മുറിയാവുകയായിരുന്നു.