ഫ്ളക്സില്ല, സൈക്കിളില്‍ പ്രചാരണം; പുതുപ്പള്ളിയില്‍ തന്റെ കരുത്ത് വീണ്ടും തെളിയിച്ച് ചാണ്ടി ഉമ്മൻ, 16 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 52,907 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം 

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന നിലയില്‍ തന്റെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

16 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 52,907 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്.

 

മറ്റു സ്ഥാനാർത്ഥികള്‍ കോടികള്‍ പ്രചാരണത്തിനായി ചെലവഴിച്ചപ്പോള്‍, ചാണ്ടി ഉമ്മൻ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ പാതയായിരുന്നു. ഫ്‌ളക്സുകളില്ല, കൊട്ടിക്കലാശമില്ല. പരിസ്ഥിതി സൗഹൃദമായ പ്രചാരണത്തിന് അദ്ദേഹം മുൻഗണന നല്‍കി. സൈക്കിളില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് ചോദിച്ച രീതി ജനശ്രദ്ധയാകർഷിച്ചു. പ്രചാരണത്തിനായി മാറ്റിവച്ച തുക പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നല്‍കാനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനം വോട്ടർമാർക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി.

 

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 37,719 വോട്ടിനായിരുന്നു ചാണ്ടി ഉമ്മൻ ആദ്യമായി ജയിച്ചത്. 53 വർഷം പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന ചരിത്രമുണ്ട്. എന്നാല്‍ ഇത്തവണ തന്റെ പിതാവിന്റെ റെക്കോർഡുകളെല്ലാം മറികടന്ന് ഭൂരിപക്ഷം അരലക്ഷം കടത്തി എന്നത് ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമായും വിലയിരുത്തപ്പെടുന്നു.