ടെഹ്‌റാൻ: ലോകത്തെ ഇന്റർനെറ്റ് വിനിമയത്തിന്റെ സിരാകേന്ദ്രങ്ങളായ ഹോർമുസ് കടലിടുക്കും ചെങ്കടലും യുദ്ധഭീഷണിയിലായതോടെ, ലോകം ഒരു ഭീകരമായ ‘ഡിജിറ്റല്‍ ബ്ലാക്ക്‌ഔട്ടിന്റെ’ നിഴലിലായിരിക്കുകയാണ്.
ആഗോള ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്ന സമുദ്രത്തിനടിയിലെ ഒപ്റ്റിക്കല്‍ ഫൈബർ കേബിളുകളെ (Subsea Cables) ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തകർക്കാൻ കെല്‍പ്പുള്ളവയാണ്.
ഭൗമരാഷ്ട്രീയ തർക്കങ്ങള്‍ മുറുകുന്ന സാഹചര്യത്തില്‍, വെറും എണ്ണ വിതരണമല്ല, മറിച്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റല്‍ നട്ടെല്ലാണ് തകരാൻ പോകുന്നത് എന്ന ആശങ്ക നിരീക്ഷകർ പങ്കുവെക്കുന്നു.
ചെങ്കടലിലൂടെ കടന്നുപോകുന്ന 17 ഓളം പ്രമുഖ കേബിളുകളും, ഗള്‍ഫ് മേഖലയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലെ എഎഇ-1 (AAE-1), ഫാല്‍ക്കണ്‍ (FALCON) തുടങ്ങിയ കേബിളുകളും തകർക്കപ്പെട്ടാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും അറ്റുപോകും. ഇത് കേവലം സോഷ്യല്‍ മീഡിയ ഉപയോഗത്തെയല്ല, മറിച്ച് ലോകത്തെയാകെ ബാങ്കിംഗ്, ഐടി, വിദേശ വ്യാപാര മേഖലകളെയാണ് നിശ്ചലമാക്കുക.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഭീഷണി ഇരട്ടി പ്രഹരമാണ്. ടാറ്റാ-ടിജിഎൻ (Tata-TGN) പോലുള്ള പ്രധാന കേബിളുകള്‍ തകരാറിലായാല്‍ രാജ്യത്തെ ഐടി ഹബ്ബുകളും അന്താരാഷ്ട്ര പണമിടപാടുകളും തടസ്സപ്പെടും. ഇതിനേക്കാള്‍ ഭയാനകമായ വസ്തുത, ഇറാൻ ഈ കടല്‍പാതകളില്‍ മൈനുകള്‍ വിതറിയിരിക്കുന്നതിനാല്‍ കേബിളുകള്‍ക്ക് നാശം സംഭവിച്ചാല്‍ അവ നന്നാക്കാൻ അറ്റകുറ്റപ്പണി കപ്പലുകള്‍ക്ക് അവിടെ എത്താൻ പോലും സാധിക്കില്ല എന്നതാണ്.
യുഎഇയിലും സൗദി അറേബ്യയിലുമായി ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും കോടിക്കണക്കിന് ഡോളർ മുടക്കി പണിത ഡാറ്റാ സെന്ററുകളും എഐ ഹബ്ബുകളും ഇതോടെ ഉപയോഗശൂന്യമാകും.
