കുടുംബവഴക്കിന് പിന്നാലെ ഭാര്യക്ക് നേരെ കൊലപാതക ശ്രമം; യുവതിയുടെ സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി ഭർത്താവ്, സംഭവം കൊച്ചിയിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ച് കയറ്റി ഭർത്താവ്. സംഭവത്തിന് പിന്നാലെ സംഭവത്തിൽ ഭർത്താവ് പൊലീസിന്‍റെ പിടിയിലായി. പിറവം ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ ശ്രീനിവാസ(46)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ കാന്‍റീൻ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഭർത്താവ് ബൈക്കുമായി ഇടിച്ച് കയറിയെന്നാണ് കേസ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു. ഇക്കഴിഞ്ഞ 10ആം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ യുവതി പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൈപ്പത്തിക്ക് പൊട്ടലേറ്റതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയും തേടിയിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.