കൊല്ലം: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. നിലമേല്‍ കൈതക്കുഴി ചരുവിള പുത്തൻവീട്ടില്‍ മനോജി(28)നെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മനോജ് അമ്മ സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കറിക്കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ സരസ്വതിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ അഞ്ചും കൈയില്‍ മൂന്നും തുന്നലുണ്ട്. സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് മനോജിന്റെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തു.
മാതാവിനെ ആക്രമിക്കാൻ ശ്രമിക്കുന്നതു തടയാൻചെന്ന നാട്ടുകാരെയും പ്രതി ആക്രമിച്ചു. ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ്, ജി.ഫ്രാങ്ക്ലിൻ, സി.പി.ഒ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
