ജി സുധാകരനെതിരെ വിമർശനങ്ങൾ കടുക്കുന്നു; ‘കുലം കുത്തികളെ കാലം വര്‍ഗ വഞ്ചകൻ എന്ന് വിളിക്കും’ എന്ന് വീടിന് സമീപം ബാനര്‍

സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. സൈബറിടങ്ങളിലും പൊതുസ്ഥലങ്ങളിലും ജി സുധാകരനെതിരെ വലിയ രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. സുധാകരനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനിടെ, ജി സുധാകരന്‍റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ വിമർശനം രൂക്ഷമാണ്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നൽകിയിരിക്കുന്നത്. സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കൽ ഏരിയ കമ്മിറ്റികളും ചേർന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.

അതേസമയം ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വിഎസിന്‍റെ വീടിന്‍റെ സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്‍റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക. ഇന്നലെ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു.