ചെറിയ പെരുന്നാൾ; തൊഴിലാളികള്‍ക്കെല്ലാം അഞ്ച് ദിവസം തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ച്‌ ഗള്‍ഫ് രാജ്യം

മസ്‌കറ്റ്: ചെറിയ പെരുന്നാളിന്റെ ഭാഗമായി ഒമാനിലെ പൊതു – സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.

മാർച്ച്‌ 19 വ്യാഴാഴ്‌ച (ഹിജ്‌റ വർഷം 1447ലെ റമദാൻ 29-ാം തീയതി) മുതല്‍ അവധി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാർക്കും അവധി ഒരുപോലെ ബാധകമാണ്. മാർച്ച്‌ 24 ചൊവ്വാഴ്‌ച മുതലാണ് ഔദ്യോഗിക പ്രവർത്തി ദിവസം വീണ്ടും ആരംഭിക്കുക. ഈദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബവുമൊത്ത് സമയം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ താമസക്കാർക്ക് ലഭിക്കുന്നത്. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ച്‌ ആഘോഷ ദിവസം അന്തിമമായി സ്ഥിരീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

കഴിഞ്ഞ ദിവസം കുവൈത്തിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മാർച്ച്‌ 19 വ്യാഴാഴ്‌ച മുതല്‍ 23 തിങ്കളാഴ്‌ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, റമദാൻ മാസത്തിന്റെ ദൈർഘ്യം അനുസരിച്ച്‌ അവധി ദിവസങ്ങളില്‍ വ്യത്യാസമുണ്ടാകും. റമദാൻ മാസത്തിന്റെ അവസാനത്തെ ചാന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയാണ് ഈദ് അല്‍ ഫിത്തറിന്റെ കൃത്യമായ തീയതി സ്ഥിരീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.