എസ്.എഫ്.ഐക്കാര്‍ക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന് മന്ത്രി റിയാസ്; ഗവര്‍ണര്‍ ഹീറോയാകാനുള്ള ശ്രമമെന്ന് മന്ത്രി ശശീന്ദ്രൻ, കാറില്‍ നിന്നിറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി.രാജീവ് ;കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച്‌ മന്ത്രിമാര്‍ രംഗത്തെത്തി.

 

കോട്ടയം: ഗവര്‍ണര്‍ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും ഗവര്‍ണര്‍ കാറില്‍ നിന്ന് ഇറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി.രാജീവും ചോദിച്ചു. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. ഗവര്‍ണര്‍ തരം താണ ഒരു ആര്‍.എസ്.എസുകാരനെ പോലെ പ്രവര്‍ത്തിച്ചെന്നും കരിങ്കൊടി കാണിച്ചപ്പോള്‍ കാറില്‍ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റപ്പെടുത്തി. നവകേരള യാത്രയ്‌ക്കെതിരെ നടക്കുന്നതു പോലെ അപ്രഖ്യാപിത സമരമല്ല അവിടെ നടന്നത്. ഗവര്‍ണറാണ് കാറിന്റെ വാതില്‍ തുറന്ന് ആരെടാ നിങ്ങള്‍ എന്ന മട്ടില്‍ ഇറങ്ങിവന്നത്. അത് പ്രകോപനം സൃഷ്ടിക്കാന്‍ മനപൂര്‍വം ഉണ്ടാക്കിയതാണ്.

ഗവര്‍ണറും കേരളത്തിലെ പ്രതിപക്ഷവും ഉള്‍പ്പെടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ശശീന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം, ഗവര്‍ണര്‍ക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുള്ളതല്ലെന്നും ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമായിരുന്നെന്നും പി.രാജീവ് പറഞ്ഞു.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കാറിന് പുറത്തിറങ്ങാൻ പാടണ്ടോയെന്നും പി.രാജീവ് ചോദിച്ചു. വീഴ്ചയുണ്ടായോ ഇല്ലയോ എന്ന് റിപ്പോര്‍ട്ട് കിട്ടിയാലെ പറായാനാകൂവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ക്യാബസിലെ കാവിവത്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ ചെയ്തതെന്നും എസ്.എഫ്.ഐയെ പോലെ തന്നെ ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്തം സതീശനും കെ.എസ്.യുവിനുമുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതില്‍ എസ്.എഫ്.ഐക്ക് ഷെയ്ക്ക് ഹാൻഡ് നല്‍കുകായാണ് വേണ്ടതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

ഗവര്‍ണര്‍ക്കു നേരെയുണ്ടായ ഈ സംഭവം കേന്ദ്ര ഇന്റലിജൻസ് ഉള്‍പ്പെടെയുള്ള ഏജൻസികള്‍ സ്വമേധയാ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിനു ശേഷമാകും നടപടികളെക്കുറിച്ച്‌ ആലോചിക്കുക. തിരുവനന്തപുരം പേട്ട പള്ളിമുക്കില്‍ തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കരിങ്കൊടി വീശിയും കാറിലിടിച്ചും എസ്.എഫ്.ഐ പ്രതിഷേധം കനപ്പിപ്പച്ചതോടെ കാറില്‍ നിന്നിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ സമരക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു.

‘ബ്ലഡി ഫൂള്‍സ്, ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ അടിക്കാൻ വന്നവരാണെങ്കില്‍ വരാൻ വെല്ലുവിളിച്ചതോടെ രംഗം വഷളായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും തന്നെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണെന്ന ഗുരുതര ആരോപണം ഗവര്‍ണര്‍ ഉന്നയിച്ചതോടെ വലിയ രാഷ്ട്രീയ വിവാദമായി പടരുകയായിരുന്നു.