ഇറാന് ഇനി പുതിയ നേതാവ്; പരമോന്നത നേതാവായി കൊല്ലപ്പെട്ട ആയത്തുള്ള ഖമനയിയുടെ രണ്ടാമത്തെ മകൻ മോജ്തബ ഖമനയി

ഇറാനിൽ ഇസ്രയേൽ-യുഎസ് നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദിൽ 1969ൽ ജനിച്ച മോജ്തബ ക്വോം സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി. ഇറാനിൽ 2009ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മോജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐആർജിഎസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മോജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ മുജ്തബയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആരാണോ അവരെ ലക്ഷ്യമിടുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.