ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത് നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച് റിമാൻഡ് ചെയ്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് നിയന്ത്രിച്ചിരുന്നത് ബിശ്വദീപാണ്. ഇയാളുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.
ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം ഇവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാജ രേഖ ചമച്ച് റീ റജിസ്ട്രേഷൻ നടത്തും. തുടർന്നാണ് ഇവ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നത്. ഭൂട്ടാനിൽ നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളിലെത്തിക്കുന്നതിലെ മുഖ്യകണ്ണിയാണിയാൾ. ഇയാൾ വിപ്രോയിലെ സീനിയർ എൻജിനീയർ ആണെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞാഴ്ചയാണ് ബംഗാളിലെത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയ ശേഷം കേരളത്തിലെത്തിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
കേരളത്തിൽ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിയമ പ്രശ്നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങൾ പാലിക്കണം. ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് ഭൂട്ടാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഡി രജിസ്ട്രേഷൻ നടത്തണം. അതിനുശേഷം എൻഒസി നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കൂ.
