നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന്റെ ടീസർ ഇന്ന് വൈകിട്ട് ആറരയ്ക്ക് പുറത്തുവിടും. സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും ടീസർ ഔദ്യോഗികമായി പുറത്തുവിടുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിക്കുന്നത് എന്നാണ് വിവരം. അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എംബി സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ടികെ രാജീവ് കുമാർ അടക്കമുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളതെന്നാണ് റിപ്പോർട്ട്.
