വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. വൈറ്റില സ്വദേശി ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കോട്ടയം സ്വദേശി സുധാ ബേബിയെ രാവിലെയാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ യുവതിയുടെ ഫോൺ ആണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

പ്രതിയും യുവതിയും ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പൊലീസ് കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് റെയിൽവേ ട്രാക്കിന് സമീപമുണ്ടായിരുന്ന മൃതദേഹം അമൃത എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വൈറ്റില ഫ്‌ളൈഓവറിന് താഴെയുള്ള റെയിൽവെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ട്രെയിനുകൾ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നത്.