ശബരിമല ദര്‍ശന സമയം കൂട്ടാൻ കഴിയില്ലെന്ന് തന്ത്രി: ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമല ദര്‍ശന സമയം നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിില്‍ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്. ശബരിമലയില്‍ ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു.

വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈൻ ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതില്‍ എ.ഡി.ജി.പി തിങ്കളാഴ്ച റിപ്പോ‌ര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

തിരക്ക് കണക്കിലെടുത്ത് അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായും ദേവസ്വം ബോര്‍‌‌ഡ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.