ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം; പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവില്ല

എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ആദിത്യ എന്ന 16കാരിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെൺകുട്ടിക്ക് പ്രണയമായിരുന്നു. എന്നാൽ കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൂട്ടുകാരുടെ മൊഴിയിലും കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്ന് എറണാകുളം റൂറൽ എസ്പി പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല. ആദിത്യയുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തുമെന്നും എറണാകുളം റൂറൽ എസ് പി പറഞ്ഞു. ബോധവത്കരണത്തിന് സ്റ്റുഡന്‍റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഇതിനായി ഉപയോഗിക്കുമെന്നും എസ്പി പറഞ്ഞു. എന്നാൽ മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. കൊറിയൻ സുഹൃത്തെന്ന പേരിൽ ആരോ മകളെ കബളിപ്പിച്ചതാണെന്നും ഇതിന്‍റെ ദുരൂഹത നീക്കണമെന്നും മഹേഷ് പറഞ്ഞു. അച്ഛന്‍റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൊറിയൻ ഭാഷയും സംഗീതവും 16കാരി ആദിത്യയ്ക്ക് ഇഷ്ടമായിരുന്നു. ഭാഷ പഠിക്കാനും തുടങ്ങിയിരുന്നു. പഠനം പൂർത്തിയാക്കി കൊറിയയിൽ ജോലി ചെയ്യണമെന്ന് അവൾ പറഞ്ഞിരുന്നു. മറ്റൊന്നും കുടുംബത്തിന് അറിയില്ല. മകളുടെ ഈ ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാവാം. അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കി മനം നൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പിതാവ് പറയുന്നത്.