അണ്ടര്‍-19 ലോകകപ്പ്: ആറാം വട്ടവും ഇന്ത്യക്ക് കിരീടം

2026 അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്.

 

ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.

 

ഹരാരെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റണ്‍സ് അടിച്ചെടുത്തത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലാണിത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി.

 

മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ കാലബ് മാത്യു ഫാല്‍ക്കണറാണ് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്. 67 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 115 റണ്‍സടിച്ചെടുത്ത ഫാല്‍ക്കണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ബെന്‍ ഡോകിന്‍സ് (56 പന്തില്‍ 66 റണ്‍സ്) അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്ക് വേണ്ടി അംബ്‌രിഷ് ആര്‍ എസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിതിളങ്ങി.