ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിത പിടിയിലായത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിംജിത അറസ്റ്റിലാവുകയായിരുന്നു.
പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. അതേസമയം, ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിർണായകമായ തരത്തിൽ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.
