പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെ ഗുരുതര കണ്ടെത്തലുകൾ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19ന് അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. പീഡന വിവരം മറച്ചുവെച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.
സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരോട് ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നൽകും. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കേസെടുത്തേക്കും. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിനായി റിമാന്‍ഡിലുള്ള അധ്യാപകൻ അനിലിനെ കസ്റ്റഡിയിൽ വാങ്ങി ഉടൻ ചോദ്യം ചെയ്യും. അതേസമയം, സ്കൂളിളിനെതിരെ ഗുരുതര ആരോപണവുമായി പിടിഎയും രംഗത്തെത്തി. കൂടുതൽ കുട്ടികള്‍ക്ക് ദുരനഭുവം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂളിലെ സംസ്കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 29ന് അധ്യാപകന്റെ ക്വാർട്ടേഴ്സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.
