ന്യൂ ഇയര്‍ പരിപാടിക്കിടെ പൊലീസ് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവം; അന്വേഷണം നടത്താൻ നിർദേശം നൽകി മുഖ്യമന്ത്രി

പത്തനംതിട്ട: ന്യൂ ഇയർ പരിപാടിക്കിടെ പൊലീസുകാരൻ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകർത്ത സംഭവത്തില്‍ അന്വേഷണം നടത്താൻ നിർദേശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

 

അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നല്‍കി. എന്നാല്‍ കേസിന് പോകാൻ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്ടോപ്പ് വാങ്ങി തന്നാല്‍ മതിയെന്നുമാണ് ഡി ജെ അഭിരാം സുന്ദർ പറഞ്ഞത്.

 

പത്തനംതിട്ട ജിയോ ഗ്രൗണ്ടില്‍ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദർ ഇന്നലെ പങ്കുവച്ചിരുന്നു.

 

അർദ്ധരാത്രിക്ക് ശേഷവും തുടർന്ന പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചെന്നും ലാപ്ടോപ്പ് തകർത്തുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.