ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ

മുൻ ദേവസ്വം ബോഡി അംഗമായിരുന്ന എൻ വിജയകുമാർ അറസ്റ്റിൽ. ശബരിമല സ്വര്‍ണ്ണകൊള്ള കേസിലാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു എന്‍ വിജയകുമാറും കെപി ശങ്കര്‍ദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

താന്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാര്‍ തനിയെയെന്നും വിജയകുമാര്‍ പ്രതികരിച്ചു. സമ്മര്‍ദ്ദം താങ്ങാനായില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കുടുംബമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യ അപേക്ഷ പിന്‍വലിച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുകയായിരുന്നു എന്നും വിജയകുമാർ പറഞ്ഞു.

അതേസമയം ശബരിമല സ്വര്‍ണക്കൊളള കേസില്‍ എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.